നെടുമ്പാശേരി മിനികൂപ്പർ അപകടം: ‘വാപ്പ നോക്കിക്കോളും എന്ന് പറഞ്ഞു’; സുഹൈലിന് കുരുക്കായി മൂന്നാം പ്രതിയുടെ ശബ്ദരേഖ

Estimated read time 1 min read

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന് കുരുക്കായി മൂന്നാം പ്രതി ജോയലിന്റെ നിർണായക ശബ്ദരേഖ പൊലീസിന് ലഭിച്ചു. സുഹൈൽ മദ്യപിച്ച് അമിതവേഗതയിലാണ് വാഹനമോടിച്ചതെന്നും, അപകടത്തിന് ശേഷം നാട്ടുകാർ ഓടിക്കൂടിയപ്പോൾ ‘വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ പറഞ്ഞതായും ജോയലിന്റെ ശബ്ദരേഖയിലുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചുവെന്നും, കൂടെയുണ്ടായിരുന്ന നിനവ് പറഞ്ഞതനുസരിച്ചാണ് തങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടതെന്നും ഈ ശബ്ദരേഖയിൽ വ്യക്തമാക്കുന്നുണ്ട്.

ഈ ശബ്ദരേഖ പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. സുഹൈൽ സ്ഥിരമായി അമിതവേഗതയിൽ വാഹനം ഓടിക്കാറുണ്ടായിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടെയുണ്ടായിരുന്നവർ ഈ അമിതവേഗത ആസ്വദിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപകടശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്ന് വ്യക്തമാക്കിയ പൊലീസ്, ശബ്ദരേഖ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് അയക്കുമെന്നും കോടതിയെ അറിയിച്ചു.

അതേസമയം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരില്ലായിരുന്നുവെന്നും തെളിവില്ലാതെയാണ് നരഹത്യക്കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ മരിച്ച ഗോപികയുടെ കുടുംബം ശക്തമായി എതിർത്തു. സുഹൈൽ മുൻപും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും പിതാവ് ഇടപെട്ടാണ് അവ ഒതുക്കിത്തീർത്തതെന്നും ആരോപിച്ച കുടുംബം, ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസിന്റെ തെളിവുകൾ നശിപ്പിക്കുമെന്നും കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ വിധി പറയും.

+ There are no comments

Add yours