സിഎംആർഎൽ – എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Estimated read time 1 min read

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, എഫ്.ഐ.ആറിലെ തുടർനടപടികൾ തടയുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്റ്റേ അനുവദിക്കരുതെന്ന ഇ.ഡിയുടെ വാദം തള്ളിയ ഡിവിഷൻ ബെഞ്ച്, കേസിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. എന്നാൽ കോടതി സ്റ്റേ വന്നെങ്കിലും കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് ഇ.ഡി നൽകുന്ന വിശദീകരണം.

സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി ഒരു പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന വാദം സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിലും ആവർത്തിച്ചു.

അതേസമയം, സിംഗിൾ ബെഞ്ച് ആശ്രയിച്ച രേഖകൾ തികച്ചും പ്രസക്തമാണെന്നും കേസ് അന്വേഷിക്കാൻ ഇ.ഡിക്ക് പൂർണ്ണ അധികാരമുണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെ വാദം. പ്രഥമദൃഷ്ട്യാ കുറ്റം വ്യക്തമായതിനാലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (SFIO) മാത്രമാണ് അന്വേഷണാധികാരം എന്ന കമ്പനീസ് ആക്ടിലെ വ്യവസ്ഥ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (PMLA) ഒരു കേസിൽ ബാധകമല്ലെന്നും എ.എസ്.ജി ഡിവിഷൻ ബെഞ്ചിൽ വ്യക്തമാക്കി.

+ There are no comments

Add yours