തിരുവനന്തപുരം: നിയമന കാര്യത്തിലെ സംസ്ഥാന സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്ത് എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം. സമരസമിതി കൺവീനറായ വളർമതിയാണ് സമരപ്പന്തലിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. മാന്യമായ നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് സർക്കാർ തങ്ങളെ കടുത്ത രീതിയിൽ അവഗണിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഈ വിഷയത്തിൽ ഏറെ വാചാലനായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രിയായപ്പോൾ തങ്ങളെ തീരെ പരിഗണിക്കുന്നില്ലെന്നും വളർമതി കുറ്റപ്പെടുത്തി.
ഓരോ കാരണങ്ങൾ പറഞ്ഞ് ദിവസങ്ങൾ നീട്ടിക്കൊണ്ടുപോകാനാണ് സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രിയെ ഇതുവരെ നേരിൽ കണ്ട് സംസാരിക്കാൻ സാധിച്ചിട്ടില്ല. സമരം പൊളിക്കാൻ വേണ്ടി മാത്രമാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്കായി സമയം ചോദിച്ചത്. അനുകൂലമായ ഒരു തീരുമാനവും എടുക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാമെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു. കഷ്ടപ്പെട്ട് പഠിച്ച് നേടിയ റാങ്കാണിതെന്നും തങ്ങൾക്ക് ജോലി ലഭിച്ചേ തീരുവെന്നും വ്യക്തമാക്കിയ അവർ, മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.




+ There are no comments
Add yours