കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം’ പരിഷ്കരണത്തിൽ ഇനി വിദ്യാർത്ഥികൾക്കും നിർണ്ണായക പങ്ക്. ഇതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി ഓരോ പഠന വകുപ്പുകളിലും വിദ്യാർത്ഥി പ്രാതിനിധ്യമുള്ള പ്രത്യേക ഡിപ്പാർട്ട്മെന്റ് കരിക്കുലം കമ്മിറ്റികൾ രൂപീകരിക്കാൻ സർവകലാശാല തീരുമാനിച്ചു.
സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ചേർന്ന ഫ്ലക്സി കരിക്കുലം ഇംപ്ലിമെന്റേഷൻ കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. പുതിയ തീരുമാനപ്രകാരം, ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളും ഗവേഷകരും അധ്യാപകരും ഈ കരിക്കുലം കമ്മിറ്റിയുടെ ഭാഗമാകും.
പുതിയ മാതൃക പ്രകാരം, സിലബസിന്റെ 80 ശതമാനം പഠന ബോർഡ് നിർദ്ദേശിക്കുന്ന കോർ കരിക്കുലവും ശേഷിക്കുന്ന 20 ശതമാനം ഫ്ലക്സിബിൾ കരിക്കുലവുമായിരിക്കും. ഈ 20 ശതമാനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ഓരോ സെമസ്റ്ററിലും അതത് ഡിപ്പാർട്ട്മെന്റ് കമ്മിറ്റികൾക്ക് തീരുമാനിക്കാം. വ്യവസായ, വാണിജ്യ, ഐ.ടി മേഖലകളിലുണ്ടാകുന്ന മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും ഗവേഷണങ്ങളിലെ പുതിയ കണ്ടെത്തലുകളും കാലതാമസമില്ലാതെ തന്നെ സിലബസിന്റെ ഭാഗമാക്കാൻ ഇതിലൂടെ സാധിക്കും. പൂർവ്വ വിദ്യാർത്ഥികൾക്കും വ്യവസായ വിദഗ്ധർക്കും പുതിയ വിഷയങ്ങൾ ഉൾപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സുതാര്യമായി സമർപ്പിക്കാനും അവസരമുണ്ടാകും.
കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരമൊരു ഫ്ലക്സിബിൾ കരിക്കുലം സംവിധാനം നടപ്പിലാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള സിലബസ് പരിഷ്കരണത്തിനായി വർഷങ്ങൾ കാത്തിരിക്കാതെ, തൊഴിൽ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠനവിഷയങ്ങളിൽ അപ്പപ്പോൾ മാറ്റം വരുത്താനും വിദ്യാർത്ഥികളെ അതിനനുസരിച്ച് സജ്ജമാക്കാനുമാണ് ഈ പുതിയ സംവിധാനത്തിലൂടെ കുസാറ്റ് ലക്ഷ്യമിടുന്നത്.




+ There are no comments
Add yours