കൊച്ചി: ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ നീതി ലഭിക്കുന്നത് വരെ പൊലീസ് സ്റ്റേഷന് മുന്നിൽ തന്നെ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. തുടക്കം മുതൽ തന്നെ കേസിൽ വലിയ രീതിയിലുള്ള അട്ടിമറി നടക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. അപകടത്തിന് ശേഷം പൊലീസ് നടത്തിയ ഓരോ നീക്കങ്ങൾക്കും തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും അവർ പറയുന്നു.
104 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പ്രതിയായ 17 കാരന്റെ ഫോണിലുണ്ടായിട്ടും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനെതിരെ വിവിധ സംഘടനകൾ സ്റ്റേഷനിലേക്ക് വലിയ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കാനും കസ്റ്റഡിയിലെടുക്കാനും പൊലീസ് തയ്യാറായത്. എന്നാൽ പിന്നീടും പ്രതിയെ ജാമ്യത്തിൽ വിട്ടു. പ്രതി ഒരു ജഡ്ജിയുടെ മകനായതുകൊണ്ടാണ് കൃത്യമായ അന്വേഷണം നടത്താതെ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതെന്ന് ജയപാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ആരോപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാനും മേൽക്കോടതിയെ സമീപിക്കാനുമാണ് കുടുംബത്തിന്റെ തീരുമാനം. അതിനിടെ വിഷയത്തിൽ പൊലീസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും, ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പൊലീസുണ്ടെന്ന അഹങ്കാരത്തിന് സർക്കാർ കുടപിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




+ There are no comments
Add yours