കൊച്ചി: സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത്. പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണമാണെന്ന് സെപ്റ്റംബർ 9-ന് ഡിജിപിക്ക് കൈമാറിയ 26 പേജുള്ള ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഐ.ടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ നൽകാനെന്ന വ്യാജേന സിഎംആർഎൽ ആകെ 2.78 കോടി രൂപയാണ് നൽകിയതെന്ന് ഇഡി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എക്സാലോജിക് സൊല്യൂഷൻസുമായി പ്രതിമാസം മൂന്ന് ലക്ഷം രൂപ റിട്ടെയ്നർ വ്യവസ്ഥയിൽ ഒരു സർവീസ് ലെവൽ എഗ്രിമെന്റ് ഉണ്ടാക്കുകയും, ഇതിനുപുറമെ വീണ ടി.യെ വ്യക്തിപരമായി പ്രതിമാസം അഞ്ച് ലക്ഷം രൂപ നിരക്കിൽ ഐ.ടി-മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമിക്കുകയും ചെയ്തു. എന്നാൽ, വീണയോ അവരുടെ കമ്പനിയായ എക്സാലോജിക്കോ യാതൊരുവിധ സേവനങ്ങളും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്നും, ഈ തുക പിണറായി വിജയന് കൈക്കൂലിയായി നൽകിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ വഴി അനധികൃത പണമിടപാടുകൾ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിഖിൽ, വാരിസ്, ഷൈജൽ എന്നിവർ മുഹമ്മദ് റിയാസിന്റെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളാണെന്ന് വീണ സമ്മതിച്ചതായും ഇഡി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.





+ There are no comments
Add yours