തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പാകൾക്കും അതിന്റെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യാതൊരുവിധ ലൈസൻസുമില്ലാതെ ബോർഡ് മാത്രം വെച്ച് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. കൊച്ചിയിലാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കൂടുതലായും കണ്ടുവരുന്നത്. സ്പാകളുടെ മറവിൽ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകളും സെക്‌സ് റാക്കറ്റുകളും പ്രവർത്തിക്കുന്നതായി വിവര ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ഉടൻ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കളമശ്ശേരിയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതിനിടെ, കളമശ്ശേരി ബലാത്സംഗക്കേസിൽ അതിജീവിതയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കമുള്ളവർ തന്നോട് ക്രൂരമായ ലൈംഗിക പീഡനം നടത്തിയതായി യുവതി മൊഴി നൽകി. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരുമായി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കും.




+ There are no comments
Add yours