ജന്തർമന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ മൂന്ന് കേസുകൾ; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

Estimated read time 1 min read

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി ഇരുവർക്കുമെതിരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിനവും ഡൽഹിയിൽ മിന്നൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ‘ഇന്ത്യ’ സഖ്യം. ഇതിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ഉടൻ ഡൽഹിയിലെത്തും. പ്രതിഷേധങ്ങളെ നേരിടാൻ ജന്തർമന്തറിലടക്കം തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രതിപക്ഷ പ്രതിഷേധത്തെ പോലീസ് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും.

അതിനിടെ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യ സഖ്യത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. മുന്നണിയിലെ പ്രധാനപ്പെട്ട പത്ത് നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അവസരം ലഭിക്കുമെന്നാണ് വിവരം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ പാർട്ടികളും സിജെപിയും പദ്ധതിയിടുന്നത്. ഒക്ടോബർ 10-ന് ജന്തർമന്തറിൽ പ്രഖ്യാപിച്ച വലിയ പ്രക്ഷോഭത്തിന് മുന്നോടിയായി സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളൂരു ഫ്രീഡം പാർക്കിലും പ്രതിഷേധം സംഘടിപ്പിക്കും.

+ There are no comments

Add yours