17,000 അടി ഉയരത്തിൽ വെച്ച് മിന്നലേറ്റു; ഇൻഡിഗോ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ, 104 യാത്രക്കാർ സുരക്ഷിതർ

Estimated read time 1 min read

ലഖ്‌നൗ: പാട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് മിന്നലേറ്റു. ഇതേത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികരെല്ലാവരും പൂർണ്ണ സുരക്ഷിതരാണ്. വിമാനത്തിലുണ്ടായിരുന്ന 104 പേർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. 17,000 അടി ഉയരത്തിൽ വെച്ച് മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനത്തിന് മിന്നലേറ്റതെന്നാണ് പ്രാഥമിക നിഗമനം. ട്വിൻ എഞ്ചിൻ ഇൻഡിഗോ 6E925 വിമാനം സാധാരണ രീതിയിൽ തന്നെയാണ് റൺവേയിൽ ഇറങ്ങിയതെന്നും, എമർജൻസി ലാൻഡിംഗ് വേണ്ടി വന്നില്ലെന്നും വിമാനത്താവള വക്താവ് അറിയിച്ചു.

ലാൻഡിംഗിന് ശേഷം വിമാനത്താവളത്തിലെ ഗ്രൗണ്ട് ടീം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം ഇൻഡിഗോയുടെ എഞ്ചിനീയറിംഗ് വിഭാഗത്തെ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ വിമാനം തുടർന്നുള്ള സർവീസുകളിൽ നിന്ന് നിലവിൽ താൽക്കാലികമായി മാറ്റിനിർത്തിയിരിക്കുകയാണ്.

+ There are no comments

Add yours