കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പ്: തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ കേസ്; ആർ സുഗതൻ രണ്ടാം പ്രതി

Estimated read time 0 min read

തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന എൽഡിഎഫിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. കേസിൽ മേയർ ഒന്നാം പ്രതിയും കൗൺസിലർ ആർ സുഗതൻ രണ്ടാം പ്രതിയുമാണ്. ഇതിനുപുറമെ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സിപിഐഎം നേതാവ് എസ്.പി ദീപക് നൽകിയ പരാതിയിലാണ് നടപടി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ആർ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. ചട്ടപ്രകാരം ആറുമാസം തുടർച്ചയായി യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടും. ഈ നടപടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതെന്നാണ് പ്രധാന ആരോപണം.

മേയർ സ്ഥാനം ഉറപ്പിച്ചു നിർത്താൻ ബിജെപിയും ആർഎസ്എസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പരാതിക്കാരനായ എസ്.പി ദീപക് ആരോപിച്ചു. എൽഡിഎഫിന്റെ സമരങ്ങൾ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്നും, വിഷയത്തിൽ യുഡിഎഫും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

+ There are no comments

Add yours