എറണാകുളം ജനറൽ ആശുപത്രിയിൽ ദുരിതം: ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച, കൊടുംചൂടിൽ വലഞ്ഞ് ക്യാൻസർ രോഗികൾ

Estimated read time 0 min read

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായതിനെ തുടർന്ന് ക്യാൻസർ രോഗികൾ കൊടുംചൂടിൽ വലയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എസി പ്രവർത്തിക്കാത്തത് കാരണം കീമോതെറാപ്പി കഴിഞ്ഞവരടക്കമുള്ള രോഗികളാണ് വലിയ ദുരിതം അനുഭവിക്കുന്നത്. പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ളവരാണ് 16 കിടക്കകളുള്ള ഈ ഐസിയുവിൽ ചികിത്സയിലുള്ളത്.

ജനറൽ ആശുപത്രിയോട് ചേർന്നുള്ള സ്പെഷ്യാലിറ്റി ക്യാൻസർ ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഓങ്കോളജി വിഭാഗം പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയായതിനാൽ തന്നെ ഇവിടെ ചൂടിന്റെ കാഠിന്യം വളരെ കൂടുതലാണ്. എസി തകരാറിലായതിനെതിരെ രോഗികളുടെ കൂട്ടിരിപ്പുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

അതേസമയം, എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കേടായ ഭാഗങ്ങൾ വിപണിയിൽ ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. പകരം പുതിയ എസിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. താൽക്കാലിക ആശ്വാസത്തിനായി ഐസിയുവിലെ ഓരോ രോഗിക്കും പ്രത്യേകം ഫാനുകൾ നൽകിയിട്ടുണ്ട്. എന്നാൽ, അതീവ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഫാനിൽ നിന്നുള്ള കാറ്റ് മാത്രം പോരെന്നാണ് കൂട്ടിരിപ്പുകാർ പറയുന്നത്. വാർഡിലെ ചൂട് രോഗികളുടെ ആരോഗ്യനിലയെ കൂടുതൽ മോശമാക്കുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

+ There are no comments

Add yours