മഴയും ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിലെ ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

Estimated read time 1 min read

മഴയും ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിലെ ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 27 വരെ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 26ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, 27ന്​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്​ യെല്ലോ അലർട്ട്​. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ പ്രവചനംശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും 27 വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. നേരിയതോ മിതമായതോ അല്ലെങ്കിൽ ഇടി മിന്നലോടുകൂടിയ മഴക്കോ സാധ്യത എന്നാണ് പ്രവചനം.

മണിക്കൂറിൽ രണ്ടു സെന്റീമീറ്റർ മഴ വരെ പ്രതീക്ഷിക്കാം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ഇടിമിന്നൽ അപകടം ഉണ്ടാകുന്നതിൽ നിന്ന് ജാഗ്രത പാലിക്കാനും നിർദേശം നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുകയും കൈകാലുകൾ പുറത്തിടാതിരിക്കുകുകയും വേണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.

+ There are no comments

Add yours