വയനാട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംകൊള്ള കേസിന്റെ പുനരന്വേഷണം ത്രിശങ്കുവിൽ. നിർണായക ഫയലുകൾ റവന്യൂ വകുപ്പ് പിടിച്ചുവെച്ചിരിക്കുന്നതാണ് അന്വേഷണം അനന്തമായി നീളാൻ കാരണം. വിഷയത്തിൽ വനം വകുപ്പും റവന്യൂ വകുപ്പും രണ്ടു തട്ടിലാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ പുനരന്വേഷണം വേണമെന്ന കർശന നിലപാടിലാണ് വനംവകുപ്പ്. എന്നാൽ, ഫയൽ നീക്കം തടഞ്ഞുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഇടപെടലുകളിൽ കടുത്ത ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
മരംമുറിക്ക് അനുമതി നൽകിക്കൊണ്ട് 2020 ഒക്ടോബർ 24-ന് ഇറങ്ങിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമാണുള്ളത്. സർക്കാരും വനംവകുപ്പും പുനരന്വേഷണത്തിന് അനുകൂലമാണെങ്കിലും, ഈ ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിനോ വനംവകുപ്പിനോ കൈമാറാൻ റവന്യൂ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. വിവാദ ഉത്തരവ് പുറത്തിറക്കിയതും ഇതേ വകുപ്പായിരുന്നു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ പൂഴ്ത്തിവെക്കുന്ന നടപടി, കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയം ശക്തമാക്കുകയാണ്.
റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ 14 കോടിയോളം രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്. സംഭവത്തിൽ വനം വകുപ്പ് ആകെ 52 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 40 കേസുകളിലും അഗസ്റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ. മുൻ വനംവകുപ്പ് മന്ത്രിയുടെ കർശന ഇടപെടലിനെ തുടർന്നായിരുന്നു അന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.




+ There are no comments
Add yours