ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികളും സി.ജെ.പിയും (CJP) തീരുമാനിച്ചു. നിയമവിരുദ്ധമായി എസ്.ഐ.ആർ (SIR) നടപടികളിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട ജനങ്ങൾക്ക് നീതി ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബർ 10-ന് ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ബഹുജന സമരത്തിന് മുന്നോടിയായാണ് ഈ നീക്കം.
പൊളിറ്റിക്കൽ കമന്റേറ്റർ ധ്രുവ് റാഠി, സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് എന്നിവരാണ് ബെംഗളൂരുവിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. എസ്.ഐ.ആറിലൂടെ പുറത്താക്കപ്പെട്ട കന്നഡികരുമായി സംവദിക്കുന്ന പ്രത്യേക അദാലത്തും ‘ചപ്പൽ പ്രതിഷേധവും’ ബെംഗളൂരുവിൽ നടക്കും.
അതേസമയം, ഡൽഹിയിൽ പ്രതിപക്ഷ എം.പിമാർ നടത്തുന്ന സമരം ഇന്നും തുടരും. സമരരംഗത്ത് സജീവമായി നിലയുറപ്പിക്കാൻ കോൺഗ്രസ് എം.പിമാർക്ക് എ.ഐ.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് പിന്നീട് വിട്ടയച്ചിരുന്നു.
ജനാധിപത്യം സംരക്ഷിക്കാൻ പാർലമെന്റിലും തെരുവുകളിലും ഉറച്ചുനിൽക്കുന്ന മുഴുവൻ ഇന്ത്യാ സഖ്യം എം.പിമാർക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.




+ There are no comments
Add yours