ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രക്ഷോഭം തുടരുകയാണ്. ഇന്നത്തെ പ്രതിഷേധ പരിപാടികളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പങ്കെടുക്കും. പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി, നിലവിൽ ഡൽഹിയിലുള്ള എംപിമാരോട് അവിടെത്തന്നെ തുടരാനും അല്ലാത്തവരോട് അടിയന്തരമായി തലസ്ഥാനത്ത് എത്തിച്ചേരാനും പ്രതിപക്ഷ പാർട്ടികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി എൻഎസ്‌യുഐ പ്രവർത്തകർ ഇന്ന് ഡൽഹി ജന്തർമന്തറിലേക്ക് മാർച്ച് നടത്തും. അതേസമയം, ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്കിടെ വനിതാ ഉദ്യോഗസ്ഥരെയടക്കം കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുക്കാനാണ് ഡൽഹി പോലീസിന്റെ തീരുമാനം.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ‘ഇന്ത്യ’ സഖ്യം സമയം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന.
പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 12 വരെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കർഷക സമരകാലത്തേക്കാൾ വലിയ സുരക്ഷാ സന്നാഹമാണ് തലസ്ഥാനത്ത് ഒരുങ്ങുന്നത്. സിആർപിഎഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്രസേനകളുടെ 200-ലധികം കമ്പനികളെയാണ് (ഏകദേശം 23,000 സേനാംഗങ്ങൾ) ഡൽഹിയിൽ വിന്യസിക്കുക. ജമ്മു കശ്മീർ, ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇതിനായി സേനാംഗങ്ങളെ എത്തിക്കുന്നത്. ഇതിനുപുറമെ 15,000 ഡൽഹി പോലീസുകാരെയും നഗരത്തിൽ സുരക്ഷയ്ക്കായി അധികമായി നിയോഗിച്ചിട്ടുണ്ട്.




+ There are no comments
Add yours