റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി നൽകി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. യെമനിലെ സനായിൽ പ്രവർത്തിച്ചിരുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ തറയും ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തതായി സഖ്യസേന അറിയിച്ചു.
അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായിരുന്നു ഹൂതികളുടെ ആക്രമണം നടന്നത്. വിമാനത്താവളങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ മൊറോക്കോ, അൾജീരിയ, സുഡാൻ സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദിലെ വിമാനത്താവളത്തിലെ ഇന്ധന സംഭരണ മേഖലയ്ക്ക് സമീപം സ്ഫോടനത്തെ തുടർന്ന് വലിയ തോതിൽ പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
ഹൂതികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങളും ആയുധ ഡിപ്പോകളും ലക്ഷ്യമിട്ടാണ് സഖ്യസേന തിരിച്ചടി നടത്തിയത്. സൗദിയിലേക്ക് കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനായിലെ വിക്ഷേപണ തറ തകർത്തത്. യെമനിലെ തന്ത്രപ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ‘ഡോൺ ഓഫ് യെമൻ’ എന്ന പേരിൽ യെമൻ സർക്കാരുമായി ചേർന്ന് സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി റിയാദിലെ യു.എസ് എംബസി അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കടുത്ത സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിക്കഴിഞ്ഞു.




+ There are no comments
Add yours