രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം തടഞ്ഞ് പോലീസ്; രാഹുൽ ഗാന്ധിയടക്കമുള്ള എം.പിമാർ തെരുവിൽ

Estimated read time 0 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ വൻ പ്രതിഷേധവും നാടകീയ നീക്കങ്ങളും. ഡൽഹി ജൻപഥിലെ ഹോട്ടലിൽ ഉച്ചഭക്ഷണത്തിനായി ഒന്നിച്ചുചേർന്ന പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിലേക്ക് സംഘടിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ എം.പിമാർ സഞ്ചരിച്ചിരുന്ന മൂന്ന് ബസുകൾ പോലീസ് വഴിയിൽ ബാരിക്കേഡുകളും സ്വന്തം വാഹനങ്ങളും നിരത്തി തടഞ്ഞു.

ബസുകൾ പോലീസ് തടഞ്ഞതോടെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളടക്കമുള്ള എം.പിമാർ ബസുകളിൽ നിന്ന് പുറത്തിറങ്ങി റോഡിൽ പ്രതിഷേധം ആരംഭിച്ചു. പോലീസ് തടസ്സമുണ്ടാക്കിയാൽ ജന്തർ മന്തറിലേക്ക് നടന്നുപോകുമെന്നും ജനാധിപത്യപരമായ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷം പ്രക്ഷോഭത്തിൽ ഒറ്റക്കെട്ടാണെന്ന് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് യാത്രയ്ക്ക് മുൻപ് രാഹുൽ ഗാന്ധി പ്രതികരിച്ചു. “എനിക്കെതിരെ ഇതിനകം 45 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; അത് നൂറെണ്ണമാകട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഓരോ എഫ്.ഐ.ആറും ഒരു മെഡൽ പോലെയാണ്,” എന്ന് അദ്ദേഹം പറഞ്ഞു. വിട്ടുവിഴ്ചയില്ലാത്ത സമരവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യാ സഖ്യ നേതാക്കൾ.

+ There are no comments

Add yours