പ്ലേഗ് റിസേർച്ച് ലബോറട്ടറി ജീവനക്കാരന്റെ മരണം: റഷ്യയോട് വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന

Estimated read time 1 min read

മോസ്കോ: സൈബീരിയൻ പ്ലേഗ് റിസേർച്ച് ലബോറട്ടറിയിലെ 28 വയസ്സുള്ള ഗവേഷകൻ ന്യൂമോണിക് പ്ലേഗ് ബാധിച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന (WHO). രോഗബാധയുടെ ഉറവിടം, ലബോറട്ടറി സുരക്ഷാ വീഴ്ചകൾ, മരണപ്പെട്ട വ്യക്തിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ എന്നിവയിലാണ് വ്യക്തത തേടുന്നത്. സംഭവത്തിൽ റഷ്യൻ ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്. അതേസമയം, ഗവേഷകനുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ പ്രാഥമിക പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ‘ബ്ലാക്ക് ഡെത്ത്’ രോഗത്തിന് കാരണമായ പ്ലേഗ് ബാക്ടീരിയയുടെ ഏറ്റവും ഗുരുതരമായ രൂപമാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാൻ ശേഷിയുള്ള ന്യൂമോണിക് പ്ലേഗ്. ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്ന ഈ അണുബാധ ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം ചുമയ്ക്കൽ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ലിംഫ് നോഡുകളെ ബാധിക്കുന്ന ബ്യൂബോണിക് പ്ലേഗ്, രക്തത്തെ ബാധിക്കുന്ന സെപ്റ്റിസീമിക് പ്ലേഗ് എന്നിവ കൃത്യമായി ചികിത്സിക്കാതിരുന്നാൽ ന്യൂമോണിക് പ്ലേഗ് ആയി മാറാറുണ്ട്.

ആഗോളതലത്തിൽ പ്രതിവർഷം 1,000 മുതൽ 3,000 വരെ പ്ലേഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്ക്. ഇതിൽ ഭൂരിഭാഗവും ബ്യൂബോണിക് പ്ലേഗ് വിഭാഗത്തിൽപ്പെട്ടതാണ്. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെങ്കിലും റഷ്യ, ഇന്ത്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അപൂർവ്വമായി പ്ലേഗ് ബാധ രേഖപ്പെടുത്താറുണ്ട്.

+ There are no comments

Add yours