മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന സി.ജെ.പി (CJP) പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്തവരെ പങ്കെടുപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് നടപടി പ്രതിരോധിക്കുന്നതിനായി കുട്ടികളെ നിയമവിരുദ്ധമായി മുൻനിർത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുംബൈയിലെ ശിവാജി പാർക്ക്, ആസാദ് പാർക്ക് എന്നിവിടങ്ങളിലായിരുന്നു സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. ഇതിന്റെ ഭാഗമായി ദാദർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കാത്ത പക്ഷം വരും ദിവസങ്ങളിൽ കൊൽക്കത്ത, ഗോവ, ബെംഗളൂരു, റാഞ്ചി തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും സമര നേതാക്കൾ ആഹ്വാനം ചെയ്തു.




+ There are no comments
Add yours