തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെയും പത്മിനി തോമസിന്റെയും കോൺഗ്രസ് പുനഃപ്രവേശനത്തിൽ കെ.പി.സി.സി നേതൃത്വം വൈകാതെ തീരുമാനമെടുക്കും. പത്മജ വേണുഗോപാൽ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ, പാർട്ടിയിൽ ഇടഞ്ഞുനിൽക്കുന്നവരെ തൃപ്തിപ്പെടുത്താനാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
നിലവിൽ ഡൽഹിയിലുള്ള കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് കേരളത്തിൽ മടങ്ങിയെത്തിയ ഉടൻ ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിക്കും. അഭിപ്രായഭിന്നതയുള്ള നേതാക്കളുടെ നിലപാട് കൂടി തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഡൽഹി സന്ദർശനത്തിനിടെ പാർട്ടിയിലെയും മന്ത്രിസഭയിലെയും ഭിന്നതകൾ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷനെ ധരിപ്പിക്കുമെന്നാണ് വിവരം. സർക്കാർ-പാർട്ടി ഏകോപനത്തിനായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും.
കഴിഞ്ഞ ദിവസം പത്മിനി തോമസ് കെ.പി.സി.സി ആസ്ഥാനത്തെത്തി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് അംഗത്വം നൽകണമെന്നാവശ്യപ്പെട്ട് അവർ അധ്യക്ഷന് കത്തും കൈമാറി. പത്മിനി തോമസിന്റെ പാർട്ടി പ്രവേശനം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.




+ There are no comments
Add yours