ജെറുസലേം: അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലിൽ പുതിയ സർക്കാരിന് രൂപം നൽകാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി രണ്ട് പാർട്ടികളുമായി അദ്ദേഹം സഖ്യകരാറിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ലിബർമാന്റെ വലതുപക്ഷ പാർട്ടിയായ ഇസ്രയേൽ ബെറ്റെയ്‌നുവുമായി (12 സീറ്റ്) യാഷർ പാർട്ടി കരാറിലെത്തിയിരുന്നു. എട്ട് സീറ്റുകളുള്ള ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടിയുമായും സഖ്യകരാറായതായാണ് റിപ്പോർട്ടുകൾ.
120 അംഗ പാർലമെന്റിൽ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. ബെഞ്ചമിൻ നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷമായ ഐസൻകോട്ട് സഖ്യത്തിന് 48 സീറ്റുമാണ് നിലവിലുള്ളത്. 19 സീറ്റുകൾ നേടിയ രണ്ട് അറബ് പാർട്ടികളുമായി (ജോയിന്റ് ലിസ്റ്റ് – 11, യുണൈറ്റഡ് അറബ് ലിസ്റ്റ് – 8) സഖ്യമുണ്ടാക്കുന്നതിനോട് ഐസൻകോട്ട് മുന്നണിയിലെ ചില കക്ഷികൾ എതിർപ്പ് പ്രകടിപ്പിക്കുന്നതാണ് സർക്കാർ രൂപീകരണം വൈകാൻ കാരണം. അറബ് പാർട്ടികളുമായുള്ള സഖ്യത്തോട് ലിബർമാന്റെ ഇസ്രയേൽ ബെറ്റെയ്‌നു പാർട്ടിക്ക് താൽപര്യമില്ല.
പാർലമെന്റിലെ 120 അംഗങ്ങളിൽ 67 പേർ ഐസൻകോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചതിനെ തുടർന്നാണ് പ്രസിഡന്റ് ഐസക് ഹെർസോഗ് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ഡിസംബർ 6 വരെയാണ് ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കിൽ പ്രസിഡന്റിന് ഈ കാലാവധി രണ്ടാഴ്ച കൂടി നീട്ടി നൽകാനാകും.




+ There are no comments
Add yours