ഫ്ലൈ ദുബായ് വിമാനത്തിൽ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ; വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ക്രാഷ് ആക്സ് ഉപയോഗിച്ച്

Estimated read time 1 min read

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെതിരെ സഹപൈലറ്റ് നടത്തിയ ആക്രമണം ആസൂത്രിതമായ ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ‘ക്രാഷ് ആക്സ്’ ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ച ശേഷം വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കാനായിരുന്നു സഹപൈലറ്റിന്റെ ശ്രമം. കേസ് അന്വേഷിക്കുന്ന യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ശംസിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

യു.എ.ഇയിൽ ജനിച്ച ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് കേസിലെ പ്രതിയെന്ന് അന്വേഷണ ഏജൻസികൾ വാൾസ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി. യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയ ഇയാൾ ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. എന്നാൽ, തീവ്ര ഇസ്ലാമിക നിലപാടുകളെത്തുടർന്ന് ഉയർന്ന സുരക്ഷാ ആശങ്കകളാൽ ഇയാളെ പൈലറ്റ് പരിശീലനത്തിൽ നിന്ന് മാറ്റുകയും മറ്റ് ചുമതലകൾ നൽകുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിൽ ഒമാൻ എയർ വിട്ട ഇയാൾ, റോയൽ എയർ മാറോക്കിൽ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് എട്ട് മാസം മുൻപ് ഫ്ലൈ ദുബായിൽ എത്തിയത്.

ആക്രമണം നടന്ന് ഒൻപത് മണിക്കൂറുകൾക്ക് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ ഇയാളുടെ ഭീകരവാദ ബന്ധം ശരിവെക്കുന്നതാണ്. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വീഡിയോയിലുണ്ടായിരുന്നത്. ഇതിൽ ഇസ്രയേലി വിമാനങ്ങളായ ‘എൽ അൽ’, ‘അർകിയ’ എന്നിവ കാണിക്കുന്നുണ്ട്. അൽ ഖ്വയ്ദ മുൻ തലവൻ അയ്മൻ അൽ സവാഹിരി, സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീൽ അബു മുലാൽ അൽ ബലാവി എന്നിവരുടെ ചിത്രങ്ങളോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. മരണം ഭയക്കുന്നില്ലെന്ന വരികളോടൊപ്പം മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ചിത്രവും രണ്ടാമത്തെ പോസ്റ്റായി ഇയാൾ പങ്കുവെച്ചിരുന്നു. ഇയാളുടെ പഴയ എക്സ് (X) അക്കൗണ്ടിലും സമാനമായ തീവ്ര മത-സ്ത്രീവിരുദ്ധ പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവാദമായതോടെ ഈ അക്കൗണ്ടുകൾ പിന്നീട് നീക്കം ചെയ്തു.

ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ കോ-പൈലറ്റായി എങ്ങനെ ഡ്യൂട്ടി ലഭിച്ചു എന്നതിൽ ദുരൂഹത തുടരുകയാണ്. വിമാനം യു.എ.ഇയിൽ രജിസ്റ്റർ ചെയ്തതായതിനാൽ സംഭവത്തിലെ ഭീകരവാദ ബന്ധവും മുൻകൂട്ടിയുള്ള ഗൂഢാലോചനയും കണ്ടെത്താൻ യു.എ.ഇ അറ്റോർണി ജനറൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ നിലവിൽ സൗദി അറേബ്യയിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് പുറമെ, ഇസ്രയേൽ സുരക്ഷാ ഏജൻസികളായ മൊസാദും ഷിൻ ബെറ്റും ഈ അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.

+ There are no comments

Add yours