ശബരിമല: ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്ക് വീണ്ടും വർദ്ധിക്കുന്നു. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതിന്റെ പത്താം ദിവസമായ ഇന്നലെ 73,744 തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. ഉച്ചയ്ക്ക് ശേഷം സന്നിധാനത്തെ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും വലിയ തിരക്ക് അനുഭവപ്പെട്ടു.
അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ശബരിമലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് തീർത്ഥാടകർക്ക് വിരിവയ്ക്കുന്നതിനായി ദേവസ്വം ബോർഡ് ഒരുക്കിയ ഓഡിറ്റോറിയം ചോർന്നൊലിക്കുന്ന സാഹചര്യവുമുണ്ടായി. തിരക്ക് വർദ്ധിക്കുന്നതിനൊപ്പം മഴ കൂടി ശക്തമായതോടെ ഭക്തർക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കേണ്ട സ്ഥിതിയാണുള്ളത്.
അതിനിടെ, വെർച്ചൽ ക്യൂ ബുക്കിങ് സംവിധാനത്തിൽ ദേവസ്വം ബോർഡ് മാറ്റം വരുത്തി. ഇനി മുതൽ ബുക്കിങ് റദ്ദാക്കിയാൽ സ്ലോട്ട് ഒഴിഞ്ഞാലുടൻ പുതിയ ബുക്കിങ് നടത്താൻ സാധിക്കില്ല. ബുക്കിങ് റദ്ദാക്കി എട്ട് മണിക്കൂറിന് ശേഷമേ വീണ്ടും ബുക്ക് ചെയ്യാൻ കഴിയൂ. കൂട്ടത്തോടെ ബുക്കിങ് നടത്തിക്കൊണ്ടുള്ള തട്ടിപ്പുകൾ തടയാനാണ് ഈ പുതിയ പരിഷ്കാരമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.




+ There are no comments
Add yours