തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ വയോധികൻ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Estimated read time 1 min read

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ കാണാതായ വയോധികന്റെ മൃതദേഹം മൂന്നാം ദിവസം ശുചിമുറിക്കുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ആരോഗ്യ-വിദ്യാഭ്യാസ ഡയറക്ടർ, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുടി റാവുത്തറെയാണ് (77) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 16-ന് ആശുപത്രിയിലെ 11-ാം വാർഡിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ശുചിമുറിയിൽ പ്രവേശിച്ച സമയത്ത് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിക്കുള്ളിൽ കിടന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

+ There are no comments

Add yours