തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവും പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. ഒരു ബിഗ് ബോസ് മത്സരാർത്ഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പിആർ ഏജൻസിയെ തേടുന്നു എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അമൽ ഉണ്ണിത്താൻ രംഗത്തെത്തിയത്. ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പിആർ സിദ്ധാന്തമെന്നും, ഫ്ളക്സിന് ആയുസ്സ് കുറവാണെന്നും സത്യത്തിന് കാലാവധിയില്ലെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
“അത്യാവശ്യം: ഒരു ബിഗ് ബോസ് മത്സരാർത്ഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പിആർ ഏജൻസിയെ തേടുന്നു!
ആശാന്റെയും ശിഷ്യന്റെയും പിആർ ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നത്. മത്സരാർത്ഥി തുമ്മിയാൽ വൈറലാക്കണം, കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണം, ചായ കുടിച്ചാൽ ജനകീയനാക്കണം! നാടുനീളെ ഫ്ളക്സും ബാനറും ഉയരണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാർ സൈബർ ടീമിനെ നിയന്ത്രിക്കട്ടെ… അഡ്മിൻ ഫീസും പ്രത്യേകം തരാം!
നെല്ലിക്ക പാക്കേജ് പ്രത്യേകം വേണം! പക്ഷേ നമ്മുടെ ബജറ്റ് കുറച്ചുകൂടി ഉയർന്നതാണ്. അതുകൊണ്ട് നെല്ലിക്കയിൽ ഒതുക്കേണ്ട, ഐഫോണും മറ്റു വിലകൂടിയ സാധനങ്ങളും പാക്കേജിൽ ഉൾപ്പെടുത്താം! പണം ഒരു വിഷയമേയല്ല… ബജറ്റിന് പരിധിയുമില്ല!
ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പിആർ സിദ്ധാന്തം? എത്ര വലിയ പിആർ ഏജൻസിയായാലും കുറച്ച് നിഷ്കളങ്കരായ മനുഷ്യരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കാം… പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുത്! ഫ്ളക്സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല!”




+ There are no comments
Add yours