മിഷൻ ചക്കക്കൊമ്പൻ നിർണായക ഘട്ടത്തിൽ: ആനയെ മയക്കുവെടിവെക്കാൻ തീവ്രശ്രമം; ദൗത്യം ഇന്ന് അവസാനിപ്പിച്ചേക്കും

Estimated read time 0 min read

ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും പ്രതിസന്ധിയിൽ തുടരുന്നതിനിടെ, ആനയെ മയക്കുവെടിവെക്കാൻ വനംവകുപ്പിന്റെ തീവ്രശ്രമം. നടുത്തുരുത്തി തുരുത്തിൽ നിന്ന് 301 കോളനി ഭാഗത്തേക്ക് നീങ്ങുന്ന ആന നിലവിൽ മറയൂർ കുടി മേഖലയിലേക്കാണ് സഞ്ചരിക്കുന്നത്. ആനയെ 301 കോളനിയിൽ എത്തിക്കാനായാൽ ദൗത്യത്തിന് അനുകൂലമാകുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ആന പന്നിയാർ എസ്റ്റേറ്റ് ഭാഗത്തേക്ക് കടക്കാതിരിക്കാൻ ബോട്ടിൽ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി ദൗത്യസംഘം നിലയുറപ്പിച്ചിട്ടുണ്ട്. പന്നിയാർ ഭാഗത്തേക്ക് നീങ്ങിയാൽ ദൗത്യം കൂടുതൽ വെല്ലുവിളിയാകുമെന്ന് സിസിഎഫ് ഡി.കെ. വിനോദ് കുമാർ അറിയിച്ചു. അതേസമയം, ദൗത്യസംഘാംഗങ്ങൾ കടുത്ത ക്ഷീണത്തിലായതിനാൽ വിജയിച്ചില്ലെങ്കിലും ദൗത്യം ഇന്ന് അവസാനിപ്പിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഇതിനിടെ, ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ആനയെ പ്രദേശത്തുനിന്ന് പിടിച്ചുമാറ്റണമെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. റേഡിയോ കോളർ ഇടാൻ പോലും അടുക്കാൻ കഴിയാത്തവിധം അപകടകാരിയും വിനാശകാരിയുമാണ് ആന. ജനവാസ മേഖലകളിലിറങ്ങി വീടുകളും കൃഷിയും നശിപ്പിച്ച് ഉപജീവനം മുട്ടിക്കുന്ന കാട്ടാനയെ പിടിച്ചുമാറ്റുകയാണ് ലോകനിയമമെന്നും അദ്ദേഹം വ്യക്തമാക്കി. ആനയ്ക്ക് ഫാൻസ് ആയി രംഗത്തുള്ളവർ തലയ്ക്ക് സുഖമില്ലാത്തവരാണെന്നും അവരുടെ വാദങ്ങളിൽ കാര്യമില്ലെന്നും എംപി വിമർശിച്ചു.

+ There are no comments

Add yours