ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു. ഇന്നലെ ആനയെ കണ്ടെത്താൻ സാധിച്ചെങ്കിലും മയക്കുവെടി വയ്ക്കാനായിരുന്നില്ല. ഇന്നും മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ തുടർച്ചയായ മൂന്നാം ദിവസവും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം പുനരാരംഭിച്ചത്. നിലവിൽ ചിന്നക്കനാൽ ഇടിക്കുഴി ഭാഗത്താണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. മയക്കുവെടി സംഘം ആനയ്ക്ക് അടുത്തെത്തിയിട്ടുണ്ട്. ഇടിക്കുഴിയിൽ നിന്ന് ആന ജലാശയത്തിന്റെ അരികിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
രണ്ട് ദിവസം മുമ്പ് ആദ്യ മയക്കുവെടി വച്ചെങ്കിലും ആന പൂർണ്ണമായും മയങ്ങാതെ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുക്കുകയും കാട്ടിലേക്ക് ഓടിക്കയറുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് ആരംഭിച്ച ദൗത്യത്തിനൊടുവിൽ വൈകിട്ട് നാല് മണിയോടെയാണ് ആദ്യ ഡോസ് വെടിവയ്ക്കാൻ സാധിച്ചത്. എന്നാൽ, വെടിയുണ്ട പുല്ലിൽ തട്ടിയതിനാൽ അത് ഫലിച്ചില്ല. തുടർന്ന് വച്ച രണ്ടാമത്തെ ഡോസും ഉന്നം പിഴച്ചതോടെ ചക്കക്കൊമ്പൻ കാടിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു.




+ There are no comments
Add yours