തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പിൽ പൊതുവിദ്യാഭ്യാസ വകുപ്പിനും സംഘാടകർക്കും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. തൃശൂരിൽ നടക്കുന്ന മേളയിലെ നീന്തൽ മത്സരവേദിയുടെ താൽക്കാലിക മേൽക്കൂര തകർന്നുവീണ് അഞ്ചോളം കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംഘാടനപ്പിഴവുകൾ ചൂണ്ടിക്കാട്ടി നീന്തൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മത്സരങ്ങൾക്കെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രാഥമികമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമൊരുക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. ഭക്ഷണം, വിശ്രമകേന്ദ്രം, മെഡിക്കൽ സംവിധാനങ്ങൾ എന്നിവയൊന്നും കൃത്യമായി സജ്ജീകരിച്ചിരുന്നില്ല. പരാതികളുമായി സമീപിച്ച രക്ഷിതാക്കൾക്കും മത്സരാർത്ഥികൾക്കും കൃത്യമായ മറുപടി നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വേദികളിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനും സംഘാടകർക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മേൽക്കൂര തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണവും പരിശോധനയും വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കായികമേള വേദികളിൽ നിന്ന് ജീവനോടെ തിരിച്ചുവരാനാണ് മത്സരാർത്ഥികൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമർശിച്ചു. മുൻ മന്ത്രി വി. ശിവൻകുട്ടിയും സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, കായികമേളയുടെ സംഘാടനത്തിൽ കായിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നാണ് വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതികരണം.




+ There are no comments
Add yours