‘എ.ഐ (AI) അല്ല, ഇനിമുതൽ സൂപ്പർ ഇന്റലിജൻസ് (SI)’; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര് നിർദേശിച്ച് ഡൊണാൾഡ് ട്രംപ്

Estimated read time 1 min read

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന പേര് മാറ്റി ഇനിമുതൽ ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് വിളിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പുതിയ പേര് നിർദേശിച്ചത്.

‘കൃത്രിമമല്ല, അതിശയകരമാണ്’:

‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് കേൾക്കുമ്പോൾ ഇതൊരു കൃത്രിമ സംവിധാനമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇതിൽ കൃത്രിമമായി ഒന്നുമില്ല, ഈ സാങ്കേതികവിദ്യ യഥാർത്ഥത്തിൽ അതിശയകരമാണ്. “സൂപ്പർ ഇന്റലിജൻസിന്റെ പുതിയ ലോകത്തിലേക്ക് എല്ലാവർക്കും സ്വാഗതം” എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഈ മാറ്റം അവതരിപ്പിച്ചത്. എന്നാൽ ഇതിന്റെ ഉപയോഗത്തിൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സദസ്സിലുള്ള പല നേതാക്കളുടെയും നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോൾ നയതന്ത്ര ചർച്ചകൾക്ക് അതിനൊപ്പം മുന്നേറാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം നേടുന്നവർക്കാണ് ഭാവിയിൽ വിജയമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ള ട്രംപ്, എ.ഐയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ശക്തമായി എതിർത്തിരുന്നു. നേരത്തെ ഹോർമുസ് കടലിടുക്കിന് ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് പേരുനൽകാമെന്ന കൗതുകകരമായ നിർദ്ദേശവുമായും അദ്ദേഹം രംഗത്തെത്തിയിരുന്നു.

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്:

രണ്ടാം തവണയും പ്രസിഡന്റായതിന് ശേഷമുള്ള തന്റെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു യു.എൻ പൊതുസഭയിൽ ട്രംപ് പ്രസംഗം തുടങ്ങിയത്. മുൻ സർക്കാരിൽ നിന്ന് തികച്ചും ഇരുണ്ടൊരു കാലഘട്ടമാണ് തങ്ങൾക്ക് ലഭിച്ചതെന്നും, എന്നാൽ അമേരിക്കയെ അതിന്റെ സുവർണ്ണകാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ സുപ്രധാന മേഖലകളിൽ തന്റെ സർക്കാർ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

+ There are no comments

Add yours