കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കേസിൽ ഒന്നാം പ്രതിയായ ആന്റോയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക.
കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരനായ രാജു പി. നായരെ വിളിച്ചുവരുത്തി കളമശ്ശേരി പോലീസ് ഇതിനകം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് അന്വേഷണ സംഘം മറ്റ് നടപടികളിലേക്ക് കടക്കുന്നത്.
പത്തനംതിട്ടയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ആന്റോ അഗസ്റ്റിൻ വിവാദ പരാമർശം നടത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ മറ്റൊരു വിവാഹം കൂടി കഴിച്ചുവെന്ന തരത്തിലുള്ള വാർത്തയും രേഖകളും തന്റെ പക്കലുണ്ടെന്നായിരുന്നു ആന്റോയുടെ അവകാശവാദം. ഇത്തരമൊരു വ്യാജരേഖയുമായി ആന്റോയെ സമീപിച്ചത് ആരാണെന്നും, ഇതിന് പിന്നിൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ വല്ല ഗൂഢലക്ഷ്യങ്ങളുമുണ്ടോയെന്നുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം, അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിനുപുറമെ, ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടും ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കുമെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.


+ There are no comments
Add yours