‘സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നത് വരെ ബാർ ലൈസന്‍സ് അനുവദിക്കരുത്’; കർശന നിർദേശവുമായി നികുതിവകുപ്പ്
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരുന്നത് വരെയും ബാറുകൾക്ക് ലൈസൻസ് അനുവദിക്കരുതെന്ന് നിർദേശിച്ച് നികുതി വകുപ്പ്. സർക്കാരിന്റെ നിർദേശം ലഭിക്കാതെ മദ്യം വിൽക്കാൻ ലൈസൻസ് അനിവാദിക്കാൻ പാടില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. നിർദേശത്തിന്റെ പകർപ്പും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, സ്ഥലം മാറ്റം നടപടി നേരിട്ട എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന് പകരം പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള ചർച്ചകളും നടക്കുകയാണ്. ചുരുക്കപ്പട്ടികയിൽ മൂന്നുപേരുടെ പേരുണ്ട്. തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത. സാംബ ശിവറാവു എസ്സി എസ്ടി വികസന സ്പെഷ്യൽ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം.
അതേസമയം, പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എക്സൈസ് വകുപ്പിൽ അഴിമതിയുടെ കഥകൾ പുറത്തുവിട്ട് ശ്രീറാം സാംബശിവ റാവുവിന്റെ നിർണായക റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവുമായാണ് കംമീഷണർ എത്തിയത്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ ഗുരുതരമായ കോഴയാരോപണങ്ങളിലാണ് വെള്ളിയാഴ്ച വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ഇരുവരും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതും, ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും, ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം.
സെന്‍ട്രല്‍ സോണ്‍ ജോയിന്റ് എക്സൈസ് കമ്മിഷണര്‍ വിനോദിനെതിരെ ഗുരുതര കോഴ ആരോപണവും തെളിവുമുണ്ട്. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഇടനിലക്കാരനാവുന്നു. അരലക്ഷം വരെയാണ് പല ബാറുടമകളില്‍ നിന്നും കൈക്കൂലിയായി വാങ്ങുന്നത്. പണം കൈമാറിയവരുടെ ബാങ്ക് രേഖകള്‍ തെളിവാണ്. പാലക്കാട് അണക്കപ്പാറയില്‍ വ്യാജ കള്ളും, സ്പിരിറ്റും പിടികൂടിയ കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരും, ഷാപ്പ് ലൈസന്‍സികളും തമ്മിലുള്ള അവിശുദ്ധ ഇടപാടില്‍ ഏറ്റവും കൂടുതല്‍ തുക കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും സ്വാധീനം ഉപയോഗിച്ച് വിനോദ് രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡപ്യുട്ടി കമ്മിഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍ നിന്ന് പതിവായി പണം പിരിക്കുന്നതിന് തെളിവുണ്ട്. ഓണക്കാലത്ത് മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്കി. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്റെ രേഖയും ഫയലിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




+ There are no comments
Add yours