ഇസ്രായേൽ-ഹമാസ് യുദ്ധം തകർത്തെറിഞ്ഞ ഗസ്സയിൽ നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധ്യയനം ആരംഭിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ ബോംബാക്രമണങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂർണ്ണമായി തകർന്നതിനാൽ, താൽക്കാലികമായി നിർമ്മിച്ച കൂടാരങ്ങളിലാണ് ഇപ്പോൾ ക്ലാസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വീണ്ടും അക്ഷരങ്ങൾ പഠിക്കാനായി ഈ ടെന്റുകളിലേക്ക് എത്തുന്നത്.
ഗസ്സയിലെ 98 ശതമാനം സ്‌കൂളുകളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിയുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. യുണിസെഫിന്റെ റിപ്പോർട്ട് പ്രകാരം യുദ്ധം കാരണം ഏകദേശം 6,60,000 കുട്ടികൾക്കാണ് തങ്ങളുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഇതുവരെ 22,000 വിദ്യാർത്ഥികളും 523 അധ്യാപകരുൾപ്പെടെ 770-ലധികം വിദ്യാഭ്യാസ പ്രവർത്തകരും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഈസ്റ്റേൺ ഖാൻ യൂനിസ് വിദ്യാഭ്യാസ ഡയറക്ടർ ഇബ്രാഹിം റമദാൻ അൽജസീറയോട് വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തോടെ ടാർപോളിനുകളും തകരഷീറ്റുകളും മരത്തടികളും ഉപയോഗിച്ചാണ് താൽക്കാലിക ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. ഡെസ്‌കുകളോ ബെഞ്ചുകളോ ഒന്നുമില്ലാതെ, നിലത്ത് വിരിച്ച മെത്തകളിലിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. ക്ലാസുകളിൽ ഒന്നോ രണ്ടോ ബ്ലാക്ക്‌ബോർഡുകൾ മാത്രമാണുള്ളത്. പല വിദ്യാർത്ഥികൾക്കും നോട്ട്ബുക്കുകൾ, പേനകൾ, ഷൂസ് തുടങ്ങിയ അടിസ്ഥാന പഠനോപകരണങ്ങൾ പോലും ലഭ്യമായിട്ടില്ല.
അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും വീണ്ടും പഠിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. “മൂന്ന് വർഷം മുമ്പാണ് ഞാൻ അവസാനമായി സ്‌കൂളിൽ പോയത്. ഇത് ഞങ്ങൾക്ക് സന്തോഷത്തിന്റെ കൂടി വർഷമാണ്. പ്രതിസന്ധികൾ എത്രയുണ്ടായാലും ഞങ്ങൾ പഠിക്കും, അതിന് ക്ലാസ് മുറിയായി ഈ കൂടാരം തന്നെ ധാരാളം,” ഖാൻ യൂനിസിലെ വിദ്യാർത്ഥിയായ മൊയ്ദ് അബു മുസ്തഫയുടെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു.
സ്കൂളുകൾ അടഞ്ഞുകിടന്ന കാലത്ത് ഫോണുകളിലൂടെയായിരുന്നു വിദ്യാർത്ഥികൾ പഠിക്കാൻ ശ്രമിച്ചിരുന്നത്. നേരിട്ട് അധ്യാപകരെ കണ്ട് പഠിക്കാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് സമർ അബു സൽമി എന്ന പതിനഞ്ചുകാരി. കുടുംബത്തോടൊപ്പം ടെന്റിൽ കഴിയുന്ന സമറിനെപ്പോലെ ഗസ്സയിലെ ആയിരക്കണക്കിന് കുട്ടികൾ തങ്ങളുടെ തകർന്നടിഞ്ഞ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് നൽകാനുള്ള ശ്രമത്തിലാണ്.


+ There are no comments
Add yours