സി.എം.ആർ.എൽ ഇടപാട്: വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് മലയാള മനോരമയ്‌ക്കെതിരെ പി.എ മുഹമ്മദ് റിയാസ്; നോട്ടീസിന് മറുപടിയില്ലെന്ന് വിമർശനം

Estimated read time 1 min read

കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രം സഹിതം വ്യാജവാർത്ത നൽകിയ മലയാള മനോരമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20-ന് പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്തയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടും മനോരമയുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സി.എം.ആർ.എല്ലിൽ നിന്നും ലഭിച്ച പണം തന്റെ ബാങ്ക് അക്കൗണ്ടിലൂടെ പലർക്കായി കൈമാറ്റം ചെയ്തുവെന്നായിരുന്നു മനോരമ നൽകിയ വാർത്ത. എന്നാൽ ഈ വാർത്ത തികച്ചും അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ഇത്തരം ശ്രമങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇ.ഡി അന്വേഷണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, തെറ്റായ വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പുതിയ കുറിപ്പിൽ ആവർത്തിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ആഗസ്റ്റ് 20-ലെ മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജില്‍ CMRL-ല്‍ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് ED രണ്ട് തവണ എന്നോട് ഫോണില്‍ വിശദീകരണം ചോദിച്ചുവെന്നും എന്റെ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ കള്ളവാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്.
തുടര്‍ന്ന്, അഡ്വക്കേറ്റ് മുനീര്‍ അഹമ്മദ് മുഖേന 2026 ആഗസ്റ്റ് 22-ന് തന്നെ മലയാള മനോരമയ്ക്ക് നിയമനോട്ടീസ് അയച്ചിരുന്നു.പിന്നീട്, മലയാളമനോരമയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നോട്ടീസ് ലഭിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്.
കള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ വിശദീകരണം മറുപടിയായി മാസം ഒന്ന് കഴിഞിട്ടും ലഭിച്ചിട്ടില്ല.
എന്റെ ഫോട്ടോ ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച്, പച്ച കള്ളം വാര്‍ത്തയായി പ്രചരിപ്പിക്കുന്നതിനെ എന്ത് മാധ്യമപ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടത്?
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന നിലപാട് ആവര്‍ത്തിക്കുന്നു.

+ There are no comments

Add yours