എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണനാണ് കേസിൽ പരസ്യ വിചാരണയ്ക്ക് ഉത്തരവിട്ടത്. ഒക്ടോബർ 15-ന് വിചാരണ നടപടികൾ ആരംഭിക്കും.
പരസ്യമായ വിചാരണ തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ജാമ്യത്തിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ കോടതിയിൽ വെച്ച് പകർത്താൻ ശ്രമിച്ചുവെന്നും ഇവർ ആരോപിച്ചു. എന്നാൽ, ഈ വാദങ്ങളെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ശക്തമായി എതിർത്തു. വിചാരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ അവകാശമാണെന്നും യാതൊരു കാരണവശാലും അത് നിഷേധിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിചാരണ സമയത്ത് വിദ്യാർഥികൾ കോടതിയിലെത്തിയാൽ അവരെ നിയന്ത്രിക്കാൻ പൊലീസിന് കഴിയുമെന്നും, ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന പ്രതികളുടെ വാദം ബാലിശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് ക്യാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ആകെ 16 പ്രതികളാണ് ഈ കേസിലുള്ളത്. സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കേസിൽ വിചാരണ തുടങ്ങുന്നത്.


+ There are no comments
Add yours