കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തുന്നതിനെതിരെ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കർശന പരിശോധനയും നിയമനടപടികളും ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പലപ്പോഴും ആവശ്യമായ പരിശോധനകൾ ഇല്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും കോടതി വിമർശിച്ചു.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നതുൾപ്പെടെയുള്ള രൂപമാറ്റങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിൽ അടുത്തിടെയുണ്ടായ വാഹനാപകടങ്ങൾ ഇതിന് ഉദാഹരണമായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വാഹന നിർമാതാക്കൾ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്കും സാങ്കേതിക സവിശേഷതകൾക്കും വിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നത് റോഡ് സുരക്ഷയെ സാരമായി ബാധിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന വീതിയേറിയ ടയറുകൾ, വീൽ സ്‌പേസറുകൾ, അനധികൃത ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ കോടതി നേരത്തെയും കർശന നിലപാട് സ്വീകരിച്ചിരുന്നു. മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾ തടയാൻ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.


+ There are no comments
Add yours