തൃശ്ശൂർ കുന്നംകുളം ചൂണ്ടലിൽ പുതുശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്ത് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
പുതുശ്ശേരിയിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഒറീസ സ്വദേശികളും ബംഗാൾ സ്വദേശികളും താമസിച്ചിരുന്നു. ഇരുവിഭാഗക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈസ്റ്റർ അവധിയായതിനാൽ ബംഗാൾ സ്വദേശികൾ സുഹൃത്തുക്കളുമായി താമസസ്ഥലത്തെത്തി ഒറീസ സ്വദേശികളെ ആക്രമിക്കുകയായിരുന്നു. സംഘർഷം അതിരുകടന്നത്തോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ സബ് ഇൻസ്പെക്ടർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ സംഘർഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


+ There are no comments
Add yours