തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്ന വിമർശനവുമായി സിഐടിയു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളെ സർക്കാരിൽ നിന്ന് അകറ്റിയെന്നും ന്യായമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോലും സർക്കാർ താൽപര്യം കാണിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചു. ജനസംഖ്യയിൽ വലിയൊരു വിഭാഗമായ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ പര്യാപ്തമായിരുന്നില്ലെന്നും തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുന്നതിലടക്കം വീഴ്ചയുണ്ടായെന്നും സിഐടിയു വിമർശിക്കുന്നു. ക്ഷേമപെൻഷൻ വിഷയത്തിൽ സർക്കാർ ശ്രദ്ധ നൽകിയപ്പോൾ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലാളി വിഭാഗങ്ങൾ സർക്കാരിൽ നിന്ന് അകന്നതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.





+ There are no comments
Add yours