ആറ്റുകാൽ പൊങ്കാല അടുപ്പ് മാറ്റൽ വിവാദം: ഭരണസമിതിക്കെതിരെ പ്രതിപക്ഷം; അന്തിമ തീരുമാനം ക്ഷേത്ര ട്രസ്റ്റിന്റേതെന്ന് മേയർ

Estimated read time 1 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇഷ്ടിക അടുപ്പുകൾക്ക് പകരം സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ ഭരണസമിതിക്കെതിരെ വിമർശനം ശക്തമാകുന്നു. തീരുമാനം അശാസ്ത്രീയമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന പ്രതിപക്ഷം, ചുടുകല്ല് ഉപയോഗിച്ചുള്ള അടുപ്പുകൂട്ടൽ വർഷങ്ങളായി തുടരുന്ന ആചാരമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിവാദം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി. പൊങ്കാലയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ ഉയർന്നുവന്ന ഒരഭിപ്രായം മാത്രമാണ് മേയർ പങ്കുവെച്ചതെന്നാണ് ആറ്റുകാൽ ഭരണസമിതിയുടെ വിശദീകരണം.

ഇഷ്ടിക അടുപ്പുകൾക്ക് പകരം വെൽഡ് ചെയ്ത് രൂപപ്പെടുത്തിയ സ്റ്റീൽ അടുപ്പുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരാശയം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും ഭക്തജനങ്ങളുമാണെന്നും വിഷയം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാലയ്ക്ക് ഏത് അടുപ്പ് ഉപയോഗിക്കണമെന്നും ആചാരങ്ങൾ എങ്ങനെ പാലിക്കണമെന്നും തീരുമാനിക്കുന്നത് ക്ഷേത്ര ഭാരവാഹികളാണ്. അതിലൊന്നും കൈകടത്താൻ കോർപ്പറേഷൻ തയ്യാറല്ലെന്നും മേയർ കൂട്ടിച്ചേർത്തു.

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയാണ് കോർപ്പറേഷന്റെ ചുമതല. കുടിവെള്ളം, സുരക്ഷ, നഗരശുചീകരണം, മെഡിക്കൽ സേവനങ്ങൾ എന്നിവ ഉറപ്പാക്കി ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ പൊങ്കാല നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കും. ഫെബ്രുവരി 22-ന് നടക്കുന്ന പൊങ്കാല സുഗമമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള ക്ഷാമം ആവർത്തിക്കാതിരിക്കാൻ വാട്ടർ അതോറിറ്റിയുമായി ചർച്ച നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരുമെന്നും വി.വി. രാജേഷ് അറിയിച്ചു.

+ There are no comments

Add yours