ഇന്ന് നവംബർ 26, ദേശീയ ഭരണഘടനാ ദിനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിനമാണിത്. 1949 നവംബർ 26-നാണ് ഭരണഘടനാ നിർമാണ സഭ ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. തുടർന്ന് 1950 ജനുവരി 26-ന് ഇത് പ്രാബല്യത്തിൽ വന്നു. ലോകത്തെല്ലായിടത്തുമുള്ള നന്മകളെ മാനുഷിക മൂല്യങ്ങൾക്കായി സ്വാംശീകരിച്ച ഉദാത്ത നിർമിതിയാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയും ഭരണഘടനാ ശില്പിയുമായ ഡോ. ബി.ആർ. അംബേദ്കറിനോടുള്ള ആദരവ് കൂടിയാണ് ഈ ദിനം.
എന്നാൽ, ഭരണഘടന വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. ഭേദഗതികളുടെ മറവിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും, ഗവർണർമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറാനും ഒളി അജണ്ടകൾ നടപ്പാക്കാനും ശ്രമിക്കുന്ന അർധഫാസിസ്റ്റ് ശക്തികൾക്ക് പ്രധാന തടസ്സമാകുന്നതും നമ്മുടെ ഭരണഘടന തന്നെയാണ്. വിദ്യാഭ്യാസം, ക്രമസമാധാനം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിലെല്ലാം അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്.
ചരിത്രത്തിൽ ഇടം നേടിയ ജന്തർ മന്തർ സമരങ്ങളിലുൾപ്പെടെ ജനങ്ങൾ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുന്നത് നാം കണ്ടു. ഓരോ പൗരന്റെയും അവകാശങ്ങളും കടമകളും കൃത്യമായി നിർവചിക്കുന്നതുകൊണ്ടാണ് സമരമുഖങ്ങളിൽ ഭരണഘടന ഒരു കവചമായി മാറുന്നത്. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന, എല്ലാ പൗരന്മാർക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മികച്ച ആശയങ്ങൾ ഉൾക്കൊണ്ടാണ് ഇതിലെ മൗലികാവകാശങ്ങളും നിർദ്ദേശകതത്വങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്.
ഭരണഘടനയുടെ അന്തഃസത്ത മുഴുവൻ ഉൾക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആചരിക്കാറുള്ളത്. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന് ഓർമിപ്പിക്കുന്ന ദേശീയ നിയമ ദിനം കൂടിയാണിന്ന്. അതുകൊണ്ടുതന്നെ, ഭരണഘടനയെ തകർക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും ജാഗ്രതയോടെ പോരാടേണ്ടതുണ്ടെന്ന വലിയ സന്ദേശമാണ് ഈ ദിനം നൽകുന്നത്.




+ There are no comments
Add yours