തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് സമിതിയുടെ കൺവീനർ. പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി.എ. അജീർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.
ഉപസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായത്. മദ്യനയത്തിൽ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. അതേസമയം, മദ്യനയം കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസമിതിയുടെ ചർച്ചകൾക്ക് ശേഷമാകും ഈ ആവശ്യം പരിഗണിക്കുക.
ഘടകകക്ഷികളിലെ പ്രതിനിധികളുടെ പേരുകൾ മുഖ്യമന്ത്രിക്ക് കൈമാറിയതായി കെപിസിസി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബർ മുപ്പതിനകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് തീരുമാനം. എന്നാൽ, ഉപസമിതിയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആശയക്കുഴപ്പം തുടരുകയാണ്. ലീഗ് പ്രതിനിധിയുടെ പേര് ഇതുവരെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ല.




+ There are no comments
Add yours