‘മുഖ്യമന്ത്രി മിടുമിടുക്കൻ, സതീശന് ഇപ്പോൾ പക്വത വന്നു’; എതിരാളികളെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

Estimated read time 0 min read

ആലപ്പുഴ: എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ പെട്ടി പൊട്ടിച്ചപ്പോൾ എതിരാളികൾ പൊട്ടിയെന്ന് പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 വർഷമായി ചിലർ മാറിനിന്ന് തന്നെ വേട്ടയാടുകയാണെന്നും മത്സരിപ്പിക്കാതിരിക്കാനും കേസിൽ കുടുക്കാനും ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ലക്ഷ്യമിട്ട് നീക്കങ്ങൾ നടന്നിട്ടും ഒരു കേസിൽ പോലും തനിക്കെതിരെ വിധി നേടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും ആ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.ഡി. സതീശന് പക്വത ഇല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പക്വത വന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സതീശനോട് തനിക്ക് പണ്ടും ഇപ്പോഴും പിണക്കമില്ല. അന്ന് പറഞ്ഞതെല്ലാം വിഷയാധിഷ്ഠിതമായിരുന്നു. കണിച്ചുകുളങ്ങരയിൽ വന്നാൽ അദ്ദേഹത്തെ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രിയായ ശേഷം തങ്ങൾ പരസ്പരം വിളിച്ചിട്ടില്ലെന്നും, മുന്നണിക്കുള്ളിലെ പ്രശ്നങ്ങളിലും ലീഗിന് കൂടുതൽ സ്ഥാനങ്ങൾ നൽകിയോ എന്നതിലും തനിക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎസ്എസ് പറഞ്ഞതുപോലെ അവിടെ കയറി പോകരുതെന്ന് താൻ പറഞ്ഞിട്ടില്ല. എൻഎസ്എസുമായി പിണങ്ങിയതും ഇണങ്ങിയതുമെല്ലാം അവരുടെ മാത്രം കാര്യമാണ്. കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും പിന്നീട് അവർ ഒന്നിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി, ഇതിൽ അഭിപ്രായം പറയാൻ നിന്നാൽ പറയുന്നവർ ഒടുവിൽ ഒറ്റപ്പെടുമെന്നും പ്രതികരിച്ചു.

അതേസമയം, വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനവുമായി രംഗത്തെത്തി. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. സാവകാശം അനുവദിച്ചിട്ടും എല്ലാ കേസിലും കുറ്റപത്രം നൽകാത്തത് കോടതിയോടുള്ള തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വിഷയം അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.

+ There are no comments

Add yours