ഷില്ലോങ്: മേഘാലയയിലെ ഖാസി, ജയന്തിയാ കുന്നുകളിലെ ചുണ്ണാമ്പുകല്ല് ഗുഹകളിൽ നിന്ന് ശാസ്ത്രജ്ഞർ രണ്ട് പുതിയ ഇനം പല്ലികളെ കണ്ടെത്തി. ഇവയിലൊന്നിന് ഷില്ലോങ്ങിലെ പ്രശസ്തമായ തടി ബസ്സായ ‘ബോസ്മിറ്റി’ന്റെ പേരാണ് നൽകിയിരിക്കുന്നത്—‘സിർട്ടോഡാക്റ്റൈലസ് ബോസ്മിറ്റ്’. ഖാസി ഭാഷയിൽ ഗുഹ എന്നർത്ഥം വരുന്ന ‘ക്രെം’ എന്ന പദത്തിൽ നിന്നാണ് രണ്ടാമത്തെ ഇനത്തിന് ‘സിർട്ടോഡാക്റ്റൈലസ് ക്രെമികോള’ എന്ന് നാമകരണം ചെയ്തത്.
സൗത്ത്-വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ നോങ്ന ഗ്രാമത്തിലുള്ള മാവ് ടിൻഗിയാങ് ഗുഹയിലും ഈസ്റ്റ് ഖാസി ഹിൽസിലെ വാഹ്ലോങ് ബൈറോങ്ങിലുമാണ് ‘സിർട്ടോഡാക്റ്റൈലസ് ബോസ്മിറ്റി’നെ കണ്ടെത്തിയത്. 81.7 മില്ലിമീറ്റർ വരെയാണ് ഇവയുടെ പരമാവധി നീളം. വെസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിലെ സിൻഡായി ഗ്രാമത്തിലുള്ള രൂപാസർ ഗുഹയിൽ നിന്നാണ് ‘സിർട്ടോഡാക്റ്റൈലസ് ക്രെമികോള’യെ കണ്ടെത്തിയത്. ചുണ്ണാമ്പുകല്ല് പാറക്കെട്ടുകളിലും ഗുഹകളിലും വസിക്കുന്ന ഇവയ്ക്ക് 83.6 മില്ലിമീറ്റർ വരെ നീളമുണ്ടാകും.
പുതിയ കണ്ടെത്തലോടെ മേഘാലയയിൽ സ്ഥിരീകരിച്ച ഈ വിഭാഗം പല്ലികളുടെ എണ്ണം ഒൻപതായി ഉയർന്നു. അസം ഡോൺ ബോസ്കോ സർവകലാശാലയിലെ സിന്തിയ എം. ഉംലോങ്, ഹോളിനെസ് വാർജിരി, കോട്ടൺ സർവകലാശാലയിലെ മന്മഥ് ഭരാലി, അരൂപ് കെ. ഹസാരിക, ‘ഹെൽപ്പ് എർത്ത്’ സംഘടനയിലെ മധുരിമ ദാസ്, ജയാദിത്യ പുർകായസ്ത എന്നിവരടങ്ങിയ ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.




+ There are no comments
Add yours