തൃശൂർ മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗിയുടെ മൃതദേഹം; ഗുരുതര അനാസ്ഥയെന്ന് ആരോപിച്ച് മകൾ

Estimated read time 1 min read

തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ 79-കാരനായ മക്കുട്ടി റാവുത്തറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ ബീഫാത്തിമ. പിതാവ് 36 മണിക്കൂറോളം ശുചിമുറിയിൽ മരിച്ചുകിടന്നിട്ടും അധികൃതർ വിവരം അറിഞ്ഞില്ലെന്നും മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ശ്വാസംമുട്ടലിനെ തുടർന്നാണ് പിതാവിനെ ചികിത്സയ്ക്കായി ആദ്യം നെന്മാറ ആശുപത്രിയിൽ എത്തിച്ചതെന്ന് ബീഫാത്തിമ പറഞ്ഞു. അവിടെനിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് നവംബർ 21-ന് തൃശൂർ മെഡിക്കൽ കോളേജിൽനിന്നാണ് മരണവിവരം അറിയിച്ചത്. ഇത്രയും നേരം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം, പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആശുപത്രിയുടെ വിശദീകരണങ്ങളെ ചോദ്യം ചെയ്യുന്നതാണ്. മൃതദേഹത്തിന് 36 മുതൽ 72 മണിക്കൂർ വരെ പഴക്കമുണ്ടെന്നും ആന്തരിക അവയവങ്ങൾ പോലും അഴുകിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

നവംബർ 19-ന് രാത്രി ഒൻപത് മണിയോടെയാണ് മക്കുട്ടി റാവുത്തറെ വാർഡിൽനിന്ന് കാണാതായത്. തുടർന്ന് നവംബർ 21-ന് രാവിലെ, ഏറെ നേരമായി ശുചിമുറി അടഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശുചീകരണ തൊഴിലാളികൾ വാതിൽ ബലമായി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

+ There are no comments

Add yours