കണ്ണൂർ: പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷവിമർശനവുമായി വിചാരണ കോടതി. അന്വേഷണത്തിൽ അടിമുടി പിഴവ് സംഭവിച്ചതായും, യാന്ത്രികമായി മാത്രമാണ് പോലീസ് കേസ് അന്വേഷിച്ചതെന്നും വിധിപ്പകർപ്പിൽ വ്യക്തമാക്കുന്നു. ഒന്നാം സാക്ഷിയുടെ മൊഴിക്ക് പിന്നാലെ മാത്രം പോയതിനാൽ പല പ്രധാന വിവരങ്ങളും വിട്ടുപോയി. ചില വ്യക്തികളെ പ്രതികളാക്കാൻ നടന്ന ശ്രമം കേസിന് വിനയായെന്നും കോടതി നിരീക്ഷിച്ചു.
നിയമപരമായ തെളിവുകൾക്ക് പകരം രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. കേസിൽ ഗൂഢാലോചന കുറ്റം ഒഴിവായതിന് കാരണമായത് സാക്ഷിമൊഴിയിലെ പൊരുത്തക്കേടുകളാണ്. ഗൂഢാലോചന നടത്തുന്നത് കേട്ടെന്ന് മൊഴി നൽകിയത് ധനരാജിന്റെ അടുത്ത സുഹൃത്താണ്. എന്നാൽ, കൊലപാതകത്തിന് രണ്ട് മാസം മുമ്പ് ഗൂഢാലോചന നടന്നെന്ന പ്രോസിക്യൂഷൻ വാദത്തിലും സാക്ഷി പറഞ്ഞ സമയത്തിലും പിശകുണ്ട്. രണ്ട് മാസം മുമ്പ് അറിഞ്ഞ കാര്യം ഉറ്റ സുഹൃത്തായിട്ടും ധനരാജിനെയോ പോലീസിനെയോ അറിയിക്കാതിരുന്നത് കോടതി ചൂണ്ടിക്കാട്ടി.
മൊഴി രേഖപ്പെടുത്തുന്നതിൽ അസാധാരണ കാലതാമസമുണ്ടായി. പ്രതികൾ തമ്മിൽ കൊലപാതകം നടത്താനുള്ള വ്യക്തമായ ഉദ്ദേശ്യമോ ധാരണയോ തെളിയിക്കാൻ കഴിഞ്ഞില്ല. ഒരേ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവർ ഒരുമിച്ച് കൂടുന്നത് ഗൂഢാലോചനയുടെ ഭാഗമായി കാണാനാകില്ലെന്നും, സാക്ഷിമൊഴികൾ മാത്രം അടിസ്ഥാനമാക്കി ഗൂഢാലോചന തെളിയിക്കുന്നത് അപകടകരമാണെന്നും കോടതി വിലയിരുത്തി.
2016 ജൂലൈ 11-ന് രാത്രിയാണ് സി.പി.ഐ.എം പ്രവർത്തകനായ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ വഴിയരികിൽ മറഞ്ഞിരുന്ന അക്രമികൾ വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീടിന്റെ പിന്നാമ്പുറത്ത് വെച്ച് അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കേസിൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ 20 പേരെയാണ് പ്രതി ചേർത്തിരുന്നത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.




+ There are no comments
Add yours