കാസർഗോഡ്: വ്യാജ ഫെയ്സ് ക്രീം വിവാദങ്ങൾക്കിടെ കാസർഗോഡ് കുമ്പളയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റിങ് ഓഫീസ് പൂട്ടി ഉടമകൾ ഒളിവിൽ പോയി. ‘ഡിഗ്മ മാർക്കറ്റിങ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലെ ബോർഡും ഉപകരണങ്ങളും ഉൾപ്പെടെ നീക്കം ചെയ്ത നിലയിലാണ്. മലപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസമായി ഓഫീസ് പ്രവർത്തിച്ചിരുന്നില്ല. സംഭവത്തിൽ കുമ്പള പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും അന്വേഷണം ആരംഭിച്ചു.
നാല് ഷട്ടർ മുറികളിലായി പ്രവർത്തിച്ചിരുന്ന ഓഫീസിൽ എട്ടിലധികം സ്ത്രീകൾ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇവിടെ പരസ്യമായി ഫെയ്സ് ക്രീം വിൽപന നടത്തിയിരുന്നില്ലെന്നും ഒരു ടെലികോളർ കേന്ദ്രം പോലെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു.
അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ‘എഫ് ട്യൂൺ’ എന്ന വ്യാജ ഫെയർനസ് ക്രീമിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഷയത്തിൽ ഡ്രഗ്സ് കൺട്രോളർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി. സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികളിൽ ബോധവത്കരണം നടത്തണമെന്നും, ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ബില്ലുകൾ നിർബന്ധമായും സൂക്ഷിക്കണമെന്നും ഡ്രഗ്സ് കൺട്രോളർ ശിപാർശ ചെയ്തു.




+ There are no comments
Add yours