കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് ഇതുവരെ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടും അന്വേഷണ സംഘം എല്ലാ കേസുകളിലും കുറ്റപത്രം നൽകാത്തത് കോടതിയോടുള്ള തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയം അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ തന്നെ പ്രതിയാക്കി കുറ്റപത്രം ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി നബാർഡ്, പിന്നാക്ക വികസന കോർപ്പറേഷൻ വഴി അനുവദിച്ച ഗ്രാന്റിന് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കേസ്.




+ There are no comments
Add yours