മയിൽപ്പീലി സ്‌കോളർഷിപ്പ് വിവാദം: മത-രാഷ്ട്രീയ അജണ്ടയില്ല, ബോധപൂർവമായ വീഴ്ചയുമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്; റദ്ദാക്കിയതിനെതിരെ എൻ.ടി.യു ഹൈക്കോടതിയിലേക്ക്

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന് (എൻ.ടി.യു) മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകിയ നടപടിയെ ന്യായീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. പരീക്ഷയ്ക്ക് പിന്നിൽ മത-രാഷ്ട്രീയ അജണ്ടകൾ കണ്ടെത്താനായില്ലെന്നും, അനുമതി നൽകിയതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

ജോയിന്റ് ഡയറക്ടർക്കെതിരെ നടപടിക്ക് സാധ്യതയില്ല

വിവിധ സംഘടനകൾക്ക് ഇത്തരത്തിൽ സ്‌കൂളുകളിൽ പരീക്ഷകൾ നടത്താൻ നേരത്തെയും അനുമതി നൽകാറുണ്ടെന്ന് ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുറേക്ക, അക്ഷരമുറ്റം, സി.എച്ച് പ്രതിഭ ക്വിസ് എന്നിവയ്ക്ക് ഇത്തരത്തിൽ അംഗീകാരം നൽകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ, പരീക്ഷയ്ക്ക് അനുമതി നൽകിയ ജോയിന്റ് ഡയറക്ടർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

പരീക്ഷ റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിലേക്ക്

അതേസമയം, മയിൽപ്പീലി സ്‌കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. പരീക്ഷ റദ്ദാക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കേട്ടില്ലെന്നാണ് സംഘടനയുടെ പ്രധാന വാദം. പതിനഞ്ചോളം ഇതര സംഘടനകൾക്ക് സ്‌കൂളുകളിൽ പരീക്ഷ നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും തങ്ങളോട് മാത്രം വിവേചനം കാണിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടും അനുമതി പിൻവലിച്ചത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പരീക്ഷയ്ക്കായി തയ്യാറെടുത്ത വിദ്യാർഥികളെ അത് പൂർത്തിയാക്കാൻ അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയെന്നും ഹർജിയിൽ പരാതിയുണ്ട്.

+ There are no comments

Add yours