വടശ്ശേരിക്കരയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ കാടുകയറ്റി; നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ അടിയന്തര നടപടികളുമായി വനംവകുപ്പ്

Estimated read time 1 min read

പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിലെ വടശ്ശേരിക്കരയിൽ ജനവാസമേഖലയിലിറങ്ങിയ നാല് കാട്ടാനകളെ നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് കാടുകയറ്റി. പ്രദേശത്ത് വർഷങ്ങളായുള്ള കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി തേക്ക് പ്ലാന്റേഷന്റെ ഫെൻസിംഗ് ഇന്ന് തന്നെ നീക്കം ചെയ്യാൻ വനംവകുപ്പിന്റെ അടിയന്തര യോഗത്തിൽ തീരുമാനമായി.

എം.എൽ.എയെ തടഞ്ഞ് പ്രതിഷേധം

വടശ്ശേരിക്കരയിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര സാന്നിധ്യം ജനജീവിതത്തിന് വലിയ ഭീഷണിയായി തുടരുകയാണ്. ഇന്ന് രാവിലെയും കാട്ടാനകൾ ജനവാസമേഖലയിൽ എത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന് സ്ഥലത്തെത്തിയ പഴകുളം മധു എം.എൽ.എയെ നാട്ടുകാർ തടയുകയും വർഷങ്ങളായുള്ള ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം കനത്തതോടെയാണ് വനംവകുപ്പ് അടിയന്തര യോഗം ചേർന്ന് നാട്ടുകാരുടെ ആശങ്കകളും നിർദ്ദേശങ്ങളും കേട്ടത്.

ഫെൻസിംഗ് മാറ്റും; വനംമന്ത്രി മറ്റന്നാൾ എത്തും

2016-ൽ തേക്ക് പ്ലാന്റേഷൻ നടപ്പാക്കിയ ശേഷം സ്ഥാപിച്ച ഫെൻസിംഗാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് ഫെൻസിംഗ് ഇന്ന് തന്നെ നീക്കം ചെയ്യാൻ വനംമന്ത്രി നിർദ്ദേശം നൽകി. പ്രദേശവാസികളെ താൽക്കാലിക വാച്ച്മാൻമാരായി നിയമിക്കാനും, മേഖലയിലെ പൈനാപ്പിൾ കൃഷി പൂർണ്ണമായും ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ വനംമന്ത്രി മറ്റന്നാൾ വടശ്ശേരിക്കരയിലെത്തും.

+ There are no comments

Add yours