തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 58 ലക്ഷം രൂപ ചെലവഴിച്ചെന്ന പ്രചാരണം തെറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ്. ആദ്യം ഭരണാനുമതി നൽകിയ എസ്റ്റിമേറ്റും ചെലവും മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വെട്ടിക്കുറച്ചിരുന്നു. നവീകരണത്തിനായി ഇതുവരെ ചെലവഴിച്ചത് പത്ത് ലക്ഷം രൂപയിൽ താഴെ മാത്രമാണെന്നും വകുപ്പ് ഔദ്യോഗികമായി വിശദീകരിച്ചു.
ചെലവഴിച്ചത് 9.78 ലക്ഷം രൂപ മാത്രം
വസതിയുടെ നവീകരണത്തിനായി പ്രാരംഭ ഘട്ടത്തിൽ 58.74 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാൽ, അത്യാവശ്യമുള്ള പ്രവൃത്തികൾ മാത്രം ചെയ്താൽ മതിയെന്ന് മന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിവിൽ പ്രവൃത്തികൾക്കായി 9,84,000 രൂപയ്ക്കും ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 20,00,000 രൂപയ്ക്കുമാണ് സാങ്കേതികാനുമതി നൽകിയത്.
ഫൈനൽ ബിൽ പ്രകാരം സിവിൽ വിഭാഗം പ്രവൃത്തികൾക്കായി ആകെ 9,78,358 രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഇലക്ട്രിക്കൽ വിഭാഗത്തിനായി ഈ ഭരണാനുമതിയിൽ നിന്നും യാതൊരു തുകയും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.




+ There are no comments
Add yours