കഴിഞ്ഞ ആറുമാസത്തിനിടെ ജനങ്ങൾക്ക് ഉപകരിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്ന് വി.എൻ. വാസവൻ. യു.ഡി.എഫ് സർക്കാരിന്റെ ഭരണം വെറും ബഹളം മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. അച്ചടക്കമുള്ള പാർട്ടിക്കും മുന്നണിക്കും സർക്കാരിനും മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. “അവനവന്റെ താടി താങ്ങാൻ കഴിയാത്തവന് എങ്ങനെ അങ്ങാടി താങ്ങാൻ കഴിയും?” എന്നും അദ്ദേഹം പരിഹസിച്ചു.
കൈക്കൂലി ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം
ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ കൈക്കൂലി വാങ്ങുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി.എൻ. വാസവൻ ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞയാളാണ് സുഹൈൽ. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അനുയായികൾ വലിയ തോതിൽ കൊള്ളയും കച്ചവടവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വാഹനങ്ങൾ മാറ്റുന്നതും ഹെലികോപ്റ്റർ യാത്രയും
മന്ത്രിമാരുടെ വാഹനങ്ങൾ ആവശ്യമെങ്കിൽ മാറ്റുന്നതിൽ തെറ്റില്ല, എന്നാൽ കൂട്ടത്തോടെ വാഹനങ്ങൾ മാറ്റുന്നത് പരിശോധിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന കാർ വെറും 5,000 കിലോമീറ്റർ മാത്രമാണ് ഓടിയത്; അത് മാറേണ്ട സമയമായിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രിയാണ് ആ വാഹനം ഉപയോഗിക്കുന്നത്. മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കേണ്ട എന്ന് മുൻപ് പറഞ്ഞവർ ഇന്ന് അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. മുൻ മുഖ്യമന്ത്രി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ വിമർശിച്ചവർ ഇന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഹെലികോപ്റ്ററിൽ സഞ്ചരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിസഭയിലെ തർക്കങ്ങൾ
മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്ക് എല്ലാ അഭിപ്രായങ്ങളും മന്ത്രിസഭാ യോഗത്തിൽ സ്വതന്ത്രമായി പറയാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരുന്ന അവസ്ഥയാണുള്ളതെന്നും വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി.




+ There are no comments
Add yours